പോര്‍ട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിനു വിജയിച്ചാണ് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി രോഹിത്ത് ശര്‍മ്മ (115) ശതകം നേടിയപ്പോള്‍ ടീം സ്കോര്‍ 274/7 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ശിഖര്‍ ധവാന്‍(34), വിരാട് കോഹ്‍ലി(36), ശ്രേയസ് അയ്യര്‍(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി നാല് വിക്കറ്റുമായി മികവ് പുലര്‍ത്തി. 275 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ഇന്നിംഗ്സ് പത്താം ഓവറിലേക്ക് കടന്നപ്പോള്‍ മാര്‍ക്രത്തെ(32) പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേട്ടം നല്‍കി. പിന്നീട് കൃത്യമായ ഇടവേളയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ജീന്‍-പോള്‍ ഡുമിനി, എബി ഡി വില്ലിയേഴ്സ് എന്നിവരെ പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക കൂടുതല്‍ പ്രതിസന്ധിയിലായി.
നാലാം വിക്കറ്റില്‍ ഹാഷിം അംല(71)-ഡേവിഡ് മില്ലര്‍(36) കൂട്ടുകെട്ട് ടീമിനെ വീണ്ടും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും മില്ലറുടെ അന്തകനായി ചഹാല്‍ അവതരിച്ചു. ക്ലാസ്സെനുമായി അംല മികച്ച കൂട്ടുകെട്ട് പുറത്തെടുത്തുവെങ്കിലും മികച്ചൊരു ഫീല്‍ഡിംഗ് പ്രകടനത്തിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ അംലയെ മടക്കിയയച്ചു. പിന്നീട് കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാലും കൂടി മത്സരത്തില്‍ പിടിമുറുക്കിയപ്പോള്‍ റണ്‍റേറ്റ് കുതിച്ചുയരുകയും കൂറ്റനടികള്‍ക്ക് മുതിര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 39 റണ്‍സ് നേടി ഹെയിന്‍റിച്ച് ക്ലാസെന്‍ ആണ് പൊരുതി നോക്കിയ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം. 42.2 ഓവറില്‍ 201 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയത്. കുല്‍ദീപ് യാദവ് നാലും ഹാര്‍ദ്ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.