തിരുവനന്തപുരം: നികുതി വെട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്‍റെ ആസ്തികള്‍ ആദായ നികുതി വകുപ്പ് താത്ക്കാലികമായി കണ്ടുകെട്ടി. കേരളത്തിനകത്തും പുറത്തുമുള്ള ശ്രീവത്സം ഗ്രൂപ്പിന്‍റെ 36 ആസ്തി വകകളാണ് കണ്ടുക്കെട്ടിയത്. നികുതി അടക്കാത്തവരുടെ ആസ്ഥി കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിമമനുസരിച്ചുള്ള കേരളത്തിലെ ആദ്യ നടപടിയാണിത്. നാഗാലാന്‍ഡിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനും ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമയുമായ എം.കെ.ആര്‍ പിള്ള ഭാര്യ വത്സല, മക്കളായ അരുണ് രാജ്, വരുണ് രാജ് എന്നിവരുടെ പേരിലുള്ള ആസ്തികളാണ് താത്ക്കാലികമായി കണ്ടുകെട്ടിയത്. കേരളത്തിലേക്ക് ബിനാമി ഇടപാട് വഴി പിള്ള പണം കടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നികുതിയും പിഴയുമടക്കം 288 കോടി രൂപ സര്‍ക്കാരിലേക്ക് അടക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അടച്ചിരുന്നില്ല. ഇത് അടക്കാത്തതിനാലാണ് കണ്ടുകെട്ടാന്‍ തീരുമാനിച്ചതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.