തിരുവനന്തപുരം: പയ്യന്നൂരിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെതിരെ പൊലീസ് കേസെടുക്കില്ല. പ്രസംഗത്തിൽ പ്രകോപനപരമായി ഒന്നുമില്ലെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെന്ന കോടിയേരിയുടെ വിവാദ പരാമർശം കാലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി.
പയ്യന്നൂരിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആർഎസ്എസ് അക്രമത്തിനെതിരെ ജൂലായ് 24 ന് സിപിഎം പയ്യന്നൂരില്‍ സംഘടിപ്പിച്ച പൊതു യോഗത്തിലായിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശങ്ങള്‍.
വീടുകൾക്കും കടകൾക്കും നേരെ അക്രമം പാടില്ല. എന്നാൽ നമ്മളെ ആക്രമിക്കാൻ ആരു വരുന്നുവോ അവരോടു കണക്കു തീർക്കണം. വന്നാൽ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങൾ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലിൽ പണി തന്നാൽ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഎമ്മിനോട് കളിക്കണ്ട’– ഇതായിരുന്നു വിവാദ പ്രസംഗം. പാർട്ടിയിലെ യുവജനങ്ങൾക്ക് കായിക പരിശീലനം നൽകണമെന്നും കോടിയേരി പറഞ്ഞിരുന്നു.
ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരിൽ സിപിഎം പ്രവർത്തകനായ
സി വി ധനരാജും പിന്നാലെ ബിജെപി പ്രവർത്തകനായ സി കെ രാമചന്ദ്രനും കൊല്ലപ്പെടുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ കലാപം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസംഗത്തിനെതിനെതിരെ കേസെടുക്കണണെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
പ്രസംഗത്തിന്റെ സിഡി പരിശോധിച്ച ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയിരുന്നു. പ്രകോപനം സൃഷ്ടിക്കാനോ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലോ പ്രസംഗത്തില്‍ ഒന്നുമില്ലെന്നാണ് ഡിജിപിക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം. ഒരു വൃക്തിയെയോ സംഘടനയെയോ ഉന്നം വയ്ക്കാനും ആഹ്വാനം ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്നു ഡിജിപി തീരുമാനിച്ചത്. കടം കൂടിയാൽ സിപിഎം തിരിച്ചുകൊടുക്കുമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ കാട്ടാക്കട പ്രസംഗം പരിശോധിച്ച പൊലീസ് ഇതേ നിലപാടാണ് നേരത്തെ സ്വീകരിച്ചത്. നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കാട്ടാക്കടയിൽ വച്ച് ജയരാജൻ അക്രമരാഷ്ട്രീയത്തെ പരോക്ഷമായി പരാമർശിക്കുന്ന പ്രസംഗം നടത്തിയത്.
അതേ സമയം പൊലീസിന്‍റെ നിലപാട് രേഖാമൂലം ലഭിച്ചാൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാർ.