കൊച്ചി: കൊച്ചിന്‍ ഷിപ്യാര്‍ഡില്‍നിന്ന് പതിവായി എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് മരുന്നുമായെത്തുന്ന ജീവകാരുണ്യ സമിതി ഇന്നലെ സംഗീതമെന്ന മരുന്നുകൂടി കൈയില്‍ കരുതി. ഒന്നര പതിറ്റാണ്ടായി ജനറല്‍ ആശുപത്രിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമിതി ആര്‍ട്സ് ആന്‍ഡ് മെഡിസിനിലൂടെ തങ്ങളുടെ സംഗീതവും സാന്ത്വനമാക്കി മാറ്റി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍റെ 211-ാമത് ലക്കമായിരുന്നു ബുധനാഴ്ച.
സേധുന്‍ എം എസ്, അനുരൂപ് മോഹന്‍ എസ്, ശില്‍പ മാധവന്‍, റനീഷ് പി എം, രതീഷ് വി എസ്, ജിബിന്‍ ടി കെ, സ്റ്റെല്ല തമ്പി, രാജേഷ് പി കെ, ജയകുമാരന്‍ ആശാരി എന്നിവരാണ് പരിപാടി അവതരിപ്പിക്കാനെത്തിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ ആശുപത്രിയിലെ അര്‍ബുദരോഗ വിഭാഗത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി മരുന്നുകളെത്തിക്കുന്നുണ്ട്. പതിനഞ്ചാം വാര്‍ഷികം അവിസ്മരണീയമാക്കാന്‍ വേണ്ടി കൂടിയാണ് ഇത്തരമൊരു സംഗീയ പരിപാടിയും ഇവര്‍ അവതരിപ്പിച്ചത്. ദേവരാജന്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമായി ചക്രവര്‍ത്തിനീ…, എന്ന ഗാനത്തോടെ റെനീഷാണ് പരിപാടി തുടങ്ങിയത്. രജനീകാന്തിന്‍റെ ഹിറ്റ് ഗാനമായ അമ്മ എന്‍ട്രലയ്ക്കാതെ…, എന്ന ഗാനം സേധുനും പാടി. മൊത്തം 16 പാട്ടുകളാണ് സംഘം പാടിയത്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ജനറല്‍ മാനേജരും സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ തലവനുമായ എം.ഡി വര്‍ഗീസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുനില്‍ കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. അനിത എ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ, ഓങ്കോളജി വിഭാഗം മേധാവി ഡോ. ബാലമുരളീ കൃഷ്ണ, റിക്രിയേഷണല്‍ ക്ലബ് ഭാരവാഹികളായ രജിത് പിഎം, അനൂപ് ബി കുമാര്‍, മധുസൂദനന്‍, അംബികേശന്‍, അബ്സര്‍, എസ് മോഹന്‍, രാജീവ്, എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.