ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം നടപ്പാക്കാന്‍ ഒരുങ്ങുന്നു. വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് ഇതേ സംബന്ധിച്ചു സൂചന നല്‍കിയത്. മാധ്യമങ്ങള്‍ നിര്‍ബന്ധമായി പിന്തുടരേണ്ട തരത്തില്‍ പെരുമാറ്റച്ചട്ടം നിര്‍മിക്കാനും സാധിക്കുമെങ്കില്‍ നിയമം നിര്‍മിക്കാനുമാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കു വ്യക്തതയില്ല. ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സര്‍ക്കാര്‍ ആലോചന നടത്തിയിരുന്നെന്നും സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം വ്യാജവാര്‍ത്തകളെ സംബന്ധിച്ചും വാര്‍ത്തയും കാഴ്ചപ്പാടുകളും തമ്മിലുള്ള നിയന്ത്രണരേഖ മറികടക്കുന്ന ചില മാധ്യമപ്രവര്‍ത്തകരെയും വ്യക്തികളെ സംബന്ധിച്ചും സ്മൃതി ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഉള്ളടക്കങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ അണിയറയില്‍ ഒരുങ്ങുന്ന നിയമം ഓണ്‍ലൈന്‍ ലോകത്ത് പുതിയ പോരാട്ടത്തിനു വഴിവയ്ക്കുമെന്നു ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.