ആംബുലന്‍സില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു ; ഡ്രൈവര്‍ക്ക് എതിരെ കേസ്

308

തൃശൂർ : ആംബുലൻസിൽ മല മൂത്ര വിസർജനം നടത്തിയതിന്റെ പേരിൽ ഡ്രൈവർ സ്ട്രക്ചറിൽ തല കീഴായി കിടത്തിയ രോഗി മരിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. പാലക്കാട് നിന്ന് രോഗിയുമായി എത്തിയതായിരുന്നു ആംബുലൻസ്. ഡ്രൈവറുടെ പരാക്രമത്തില്‍ രോഗിയുടെ ദേഹത്ത് പലയിടത്തും മുറിവുണ്ടായിരുന്നു. ആംബുലൻസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടൻ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാൻ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി.

ഡ്രൈവര്‍ കാണിച്ച പരാക്രമത്തിന്‍റെ ദൃശ്യങ്ങള്‍ അവിടെ കൂടിനിന്നിരുന്നവരിലൊരാള്‍ പകര്‍ത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തൃശൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം എത്തിച്ച രോഗി ആണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് ഡ്രൈവർക്ക് എതിരെ കേസെടുത്തു. ഡ്രൈവര്‍ സ്ട്രെച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചിട്ടാണ് ആശുപത്രി ജീവനക്കാരെ വിളിക്കാൻ പോയത്. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പ് കിടക്കേണ്ടി വന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു മറുപടി.

NO COMMENTS