തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടു വന്ന സര്‍ക്കാര്‍ നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷ നടപടി സ്വയം വഞ്ചിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുഡിഎഫ് എംഎല്‍എമാരും നടത്തിയ സമരത്തെ ഇതോടെ നിരര്ത്ഥകമാക്കിയിരിക്കുകയാണെന്നും സുധീരന് വ്യക്തമാക്കി.