സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നീക്കം ഉപേക്ഷിച്ചുവെന്ന് കോണ്‍ഗ്രസ്

299

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നീക്കം ഉപേക്ഷിച്ചുവെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ഖാര്‍ഗ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഖാര്‍ഗെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്. ഇടത് പാര്‍ട്ടികള്‍ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇംപീച്ച്‌മെന്റിന്റെ കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചതിനാലാണ് കോണ്‍ഗ്രസ് നീക്കം പിന്‍വലിച്ചതെന്ന് സൂചന. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിവരികയായിരുന്നു. ഇതിനായി ഇടത്പാര്‍ട്ടികളുടേതടക്കം അമ്ബതോളം പ്രതിപക്ഷ എംപിമാരുടെ ഒപ്പുശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്നീട് ഇതുസംബന്ധിച്ച്‌ മൗനം തുടരുകയായിരുന്നു.

എസ്.പി.,ബി.എസ്.പി, എന്‍.സി.പി, ആര്‍ജെഡി തുടങ്ങിയ കക്ഷികള്‍ നേരത്തെ കോണ്‍ഗ്രസിന്റെ നിര്‍ദേശത്തെ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് എസ്പി അടക്കമുള്ള കക്ഷികള്‍ ഇംപീച്ച്‌മെന്റ് വേണ്ടെന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും ഇംപീച്ച്‌മെന്റ് വേണ്ടെന്ന നിലപാടാണുള്ളത്. ഡിഎംകെയും പിന്‍മാറുന്നതായി എംകെ സ്റ്റാലിന് രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.

NO COMMENTS