തമിഴ്നാട്ടിലെ വിളുപുരത്തിനടുത്തുള്ള വി-പാളയത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പതിനഞ്ചുകാരിയായ നവീന എന്ന പെണ്‍കുട്ടിയുടെ വീട്ടിലേയ്‌ക്ക് അതിക്രമിച്ചു കയറിയ സെന്തില്‍ എന്ന യുവാവ് കത്തി കാണിച്ച് വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ കൈ കെട്ടിയ ശേഷം വിവാഹം കഴിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനു വഴങ്ങാതിരുന്നപ്പോള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചു. നടക്കാതെ വന്നതിനെത്തുടര്‍ന്ന് ഇയാള്‍ സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം പെണ്‍കുട്ടിയുടെ ദേഹത്തേയ്‌ക്ക് തീ പടര്‍ത്തുകയായിരുന്നു. സെന്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ദേഹത്ത് 80 ശതമാനത്തോളം പൊള്ളലേറ്റ നവീനയെ പോണ്ടിച്ചേരിയിലെ ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. നവീനയോട് പല തവണ അയല്‍വാസിയായ സെന്തില്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഒരു വര്‍ഷമായി നവീനയെ സ്കൂളില്‍ പോകുമ്പോഴും മറ്റും ഇയാള്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു തീവണ്ടിയപകടത്തില്‍ പെട്ട് കൈയും കാലും നഷ്‌ടമായ സെന്തിലിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ചെന്നൈയിലെ നുങ്കമ്പാക്കത്ത് സ്വാതി എന്ന ഐടി ജീവനക്കാരിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ് കഴുത്തറുത്ത് കൊന്ന് ഒരു മാസം തികയും മുന്‍പാണ് തമിഴ്നാട്ടില്‍ സമാനമായ സംഭവം ആവര്‍ത്തിക്കുത്.