കോഴിക്കോട്: ഇന്നത്തെ ഹര്‍ത്താലുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ജമ്മുവിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊന്നു തള്ളിയത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോള്‍ മുസ്ലിം ലീഗും മുന്‍പില്‍ തന്നെ നിന്നു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ടു മന്ത്രിമാര്‍ രാജിവെച്ചതും സുപ്രീം കോടതി ശക്തമായി ഇടപെട്ടതും ജനകീയ മുന്നേറ്റങ്ങളുടെ ഫലമാണ്. സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായിരുന്നു. ആ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെ നേടിക്കൊടുക്കാന്‍ അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയില്‍ പോവുന്നതിനും ആലോചിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത് സംഘടിതമായതും സമാധാനപരവും ഒറ്റക്കെട്ടായുമുള്ള പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ്. ഇന്നത്തെ ഹര്‍ത്താലുമായി മുസ് ലിം ലീഗിന് ഒരു ബന്ധവുമില്ല. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും ആ കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ മുസ്ലിം ലീഗ് പാര്‍ട്ടി മുന്നില്‍ ഉണ്ടാകും. ഇന്നത്തെ ഹര്‍ത്താലിന് മുസ്ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും കെ.പി.എ മജീദ് അറിയിച്ചു.