സ്റ്റോക്കോം : പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനുമായി കൂടിക്കാഴ്ച നടത്തി. പാരമ്ബര്യേതര ഊര്‍ജം, വ്യാപാര മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് സൂചന. സ്റ്റോക്കോമില്‍ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. സ്വീഡിഷ് രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫുമായും മോദി കൂടിക്കാഴ്ച നടത്തി.സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്കോമില്‍ ഇന്ന് പ്രഥമ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നോര്‍ഡിക് രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും.
ഉച്ചകോടിക്കുശേഷം ലണ്ടനിലെത്തുന്ന മോദി, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ച നടത്തും. 19നും 20നും നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. 20നു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തും.