കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്ന്‍ എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്കു സ്ഥലം മാറ്റിയതിനെ വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ആരോപണ വിധേയര്‍ പരിശീലന സ്ഥാപനത്തിന്റെ തലപ്പത്ത് വരുന്നത് ശരിയല്ലെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു. ആരോപണ വിധേയനായ എ വി ജോര്‍ജിന്റെ സ്ഥലംമാറ്റം സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പിയുടെ കീഴിലുണ്ടായിരുന്ന ടൈഗര്‍ ഫോഴ്‌സ് സംശയത്തിന്റെ നിഴലിലാണ്. അതിനാലാണ് എവി ജോര്‍ജിനെ സ്ഥലം മാറ്റിയത്. ഇതു തെറ്റായ നടപടിയാണെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്. സിബിഐയെപ്പോലുള്ള സ്വതന്ത്ര ഏജന്‍സിയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത്. പറവൂര്‍ സിഐയെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നും മോഹനദാസ് കൂട്ടിച്ചേര്‍ത്തു.