എറണാകുളം : ജൂൺ ഒന്നു മുതൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് എബിവിപി. സാധാരണക്കാരിൽ സാധാരണക്കാരായ വിദ്യാർത്ഥികളാണ് നിലവിൽ ബസുകളെ ആശ്രയിക്കുന്നത്. കുറച്ചെങ്കിലും ചിലവു കുറയ്ക്കാമല്ലോ എന്ന ഉദ്ദേശത്തോടു കൂടിയാണ് പലരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ ഉപേക്ഷിച്ച് സർക്കാർ/പ്രൈവറ്റ് ബസുകളെ ആശ്രയിക്കുന്നത്. കാലാനുസൃതമായി ബസ് ചാർജ് വർദ്ധിപ്പിക്കാമെന്ന് അംഗീകരിച്ചാൽ പോലും, കൺസഷൻ പൂർണമായി എടുത്തു കളയണമെന്ന വാദത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. പാവപ്പെട്ട വിദ്യാർത്ഥികളെ ചൂഷണം ചെയ്തും കീശ നിറയ്ക്കാമെന്നത് സ്വകാര്യ ബസ് മുതലാളിമാരുടെ സ്വപ്നം മാത്രമാണ്. അങ്ങനെ സംഭവിച്ചാൽ, അതിന് അനുവദിക്കുന്ന സർക്കാരും സ്വകാര്യ ബസ് മുതലാളിമാരും പ്രതിഷേധം തെരുവിൽ കാണേണ്ടി വരുമെന്നു എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് പറഞ്ഞു.