അഗര്‍ത്തല : സിവില്‍ സര്‍വീസില്‍ എത്തേണ്ടുന്നത് സിവില്‍ എന്ജിനിയര്മാര്മാരായിരിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍. കാരണം സമൂഹത്തെ കെട്ടിപ്പടുക്കേണ്ടതിന്റെ ചുമതല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടേതാണ്. സിവില്‍ എന്‍ജിനിയര്‍മാര്‍ക്ക് അതിനുള്ള അറിവുണ്ട്. എന്നാല്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ സിവില്‍ സര്‍വീസില്‍ എത്തരുതെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ അഗര്‍ത്തലയില്‍ സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സിവില്‍ സര്വീസിനുള്ളവര് മാനവിക വിഷയങ്ങളില്‍ നിന്ന് എത്തുന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കുന്നുണ്ട്. മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കരുത്. സിവില്‍ എന്‍ജിനിയര്‍മാര്‍ക്ക് ഇതിനു സാധിക്കും. സമൂഹത്തെ കെട്ടിപ്പടുക്കേണ്ടതെങ്ങനെയെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.