തിരുവനന്തപുരം: പത്താനാപുരത്തെ ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിൽ ആർ.ബാലകൃഷ്ണപ്പിള്ളയെക്കെതിരെ കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം. കൊല്ലം റൂറൽ എസ്പി നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഡിജിപി ലോക്നാഥ് ബെഹ്റ കൊല്ലം പോലീസിന് നിർദ്ദേശം നൽകിയത്.
പത്താനാപുരത്തെ എൻസ്.എസ്.എസ് താലൂക്ക യോഗത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ വിവാദ പ്രസംഗം. പ്രസംഗം ന്യൂനപക്ഷ വിശ്വാസികളെ അവഹേളിക്കുന്നതാണെന്നും പിള്ളയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. കൊട്ടാക്കര ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടാണ് നൽകിയത്.
ഈ റിപ്പോർട്ടിൽ റൂറൽ എസ്പി അജിതാ ബീഗം നിയമോപദേശം തേടിയ ശേഷമാണ് ഡിജിപിയോട് തുടർ നടപടിക്കുളള അനുമതി തേടിയത്. റിപ്പോർട്ട് പരിശോധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദേദശം നൽകുകയായിരുന്നു. ഡിജിപിയുടെ നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ പിള്ളയ്ക്കെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.