ന്യൂഡല്‍ഹി : പ്രതിഷേധത്തില്‍ മുങ്ങി ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ്. പുരസ്കാര ജേതാക്കളായ 140 വ്യക്തികളില്‍ 68 പേര് പരിപാടി ബഹിഷ്കരിച്ചു. ചടങ്ങ് ബഹിഷ്കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് പരിപാടി പുരോഗമിക്കുന്നതെന്നാണ് വിവരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 11 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം. ബാക്കിയുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഈ നയത്തിനെതിരെ അവാര്‍ഡ് ജേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ഇത്രയും കാലം തുടര്‍ന്നതുപോലെ എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ നല്‍കണമെന്നാണ് പുരസ്കാര ജേതാക്കളുടെ പ്രധാന ആവശ്യം. പുരസ്കാരദാന വേദിക്ക് പുറത്ത് നടി പാര്‍വതിയും സംവിധായകന് അഭിലാഷും ഉള്‍പ്പടെയുള്ള മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സാധാരണനിലയില്‍ ദേശീയ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇതാദ്യമായാണ് കേന്ദ്രമന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടെത്തിയിരിക്കുന്നത്.