ന്യൂഡല്‍ഹി : രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളിലും ജില്ലാ കോടതികളിലും ലൈംഗികപീഡന പരാതി സമിതികളുണ്ടാക്കണമെന്ന് സുപ്രീംകോടതി. രണ്ടു മാസത്തിനകം നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതിയിലും അതിനുകീഴിലുള്ള ജില്ലാ കോടതികളിലും ഒരാഴ്ചയ്ക്കകം സമിതിയുണ്ടാക്കണം. വിശാഖ കേസ് വിധിയുടെ പശ്ചാത്തലത്തിലുണ്ടാക്കിയ 2003-ലെ തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ പീഡനം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി ഉണ്ടാക്കുന്നതിനായുളള സുപ്രീംകോടതിയുടെ ഉത്തരവ്. കൂടാതെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ കമ്മിറ്റിയില്‍ അംഗങ്ങളാക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹി തീസ് ഹസാരി കോടതിയിലെ ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ കൈയേറ്റം ചെയ്തുവെന്ന ഒരു അഭിഭാഷകയുടെ പരാതിയിലാണ് വിധി.