കുഞ്ഞിനോടുള്ള ക്രൂരത സഹിക്കാനാകാത്തതിനാലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് തിയേറ്റര്‍ ഉടമ

275

മലപ്പുറം : എടപ്പാളിലെ തിയേറ്ററിലെ സി സി ടിവിയിലൂടെ ദൃശ്യങ്ങള്‍ കണ്ട തിയേറ്റര്‍ ഉടമ സനൂപാണ് ഏപ്രില്‍ 25ന് ചൈല്‍ഡ്‌ലൈനെ സമീപിച്ചത്. പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ടിംഗ് ഓഫീസര്‍ ശിഹാബിനെ വിവരം അറിയിക്കുകയും സി സി ടി ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. ചെറിയ കുഞ്ഞിനോട് ചെയ്യുന്ന ക്രൂരത സഹിക്കാനാകാത്തതിനാലാണ് ചെല്‍ഡ്‌ലൈനില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് തിയറ്റര്‍ ഉടമ സനൂപ് പറഞ്ഞു. പിറ്റേ ദിവസം ചങ്ങരംകുളം പോലീസിന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പരാതി കൈമാറിയെങ്കിലും പോലീസ് അനങ്ങിയില്ലെന്നാണ് വ്യക്തമാകുന്നത്. ക്രൂരമായ പീഡനത്തില്‍ കുറ്റക്കാരെ കുടുക്കാന്‍ യഥാസമയം നടപടി സ്വീകരിച്ച തീയേറ്റര്‍ ഉടമയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു.

ഏപ്രില്‍ പതിനാറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആഢംബര വാഹനത്തിലെത്തിയ ആളാണ് കുട്ടിയെ പീഡിപ്പിച്ചത്. 40 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീക്കൊപ്പമാണ് ഇവര്‍ തിയേറ്ററിലെത്തിയത്. ഈ സ്ത്രീ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഇവര്‍ക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ബാലിക നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ശേഷം ചൈല്‍ഡ് ലൈന്‍ ഏപ്രില്‍ 26 ാം തിയതി ദൃശ്യങ്ങളടക്കം പൊലീസില്‍ പരാതി നല്‍കിയതാണ്. എന്നിട്ടും കേസില്‍ അന്വേഷണം നടത്താനോ പ്രതിയെ കണ്ടെത്താനോ പൊലീസ് തയ്യാറായില്ല. ഒരു സ്വകാര്യ ചാനല്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് മലപ്പുറം ചങ്ങരംകുളം പൊലീസ് സംഭവത്തില്‍ കേസെടുത്തത്.

NO COMMENTS