യാസ്മിൻ അഹമ്മദിനെ മൂന്നു ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

210

കാസർകോട്∙ തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസു)മായി ബന്ധമുണ്ടെന്ന തെളിവു ലഭിച്ചതിനെത്തുടർന്ന് അറസ്റ്റിലായ ബിഹാർ സ്വദേശി യാസ്മിൻ അഹമ്മദി(29)നെ മൂന്നു ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ചു കാസർകോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.മനോഹർ കിണിയാണ് ഉത്തരവിട്ടത്. എട്ടു വരെയാണു യാസ്മിന്‍ പൊലീസ് കസ്റ്റഡിയിൽ തുടരുക.

യാസ്മിന് എതിരെ തീവ്രവാദ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തിയാണു കേസ് എടുത്തിട്ടുള്ളത്. തെളിവെടുപ്പിനായി യാസ്മിനെ കാസർകോട്ടെ തൃക്കരിപ്പൂർ, മലപ്പുറത്തെ കോട്ടക്കൽ എന്നിവിടങ്ങളിൽ എത്തിക്കും.

ബിഹാർ സീതാമാർഗിയിലെ യാസ്മിൻ അഹമ്മദിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 124 (എ) അനുസരിച്ചു രാജ്യദ്രോഹം, യുഎപിഎ 38, 39 വകുപ്പുകൾ അനുസരിച്ചു നിരോധിത സംഘനയുമായുള്ള ബന്ധം, സംഘടനയ്ക്കു സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. കാസർകോടുനിന്ന് 17 പേരെ കാണാതായ സംഭവത്തിൽ തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് അബ്ദുല്ലയെ ഒന്നാം പ്രതിയാക്കിയാണു പൊലീസ് കേസെടുത്തത്. ഇയാൾക്കെതിരെയും പൊലീസ് യുഎപിഎ വകുപ്പ് അനുസരിച്ചു കേസ് റജിസ്റ്റർ ചെയ്തിരുന്നു. റാഷിദിന്റെ രണ്ടാം ഭാര്യയെന്നു അവകാശപ്പെടുന്ന യാസ്മിൻ രണ്ടാം പ്രതിയാണ്. കാണാതായവരുടെ ബന്ധുക്കൾ നൽകിയ ഒൻപതു പരാതികൾ ഒറ്റക്കേസായാണ് അന്വേഷണ സംഘം പരിഗണിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സി.ഷുക്കൂർ കോടതിയിൽ ഹാജരായി.

അതേസമയം, ശാരീരിക ബുദ്ധിമുട്ടുകൾ എന്തെങ്കിലുമുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു യാസ്മിന്റെ മറുപടി. പൊലീസ് കസ്റ്റഡിയിലും റിമാൻഡിലും മറ്റ് ആക്ഷേപങ്ങളുണ്ടോ എന്ന് കോടതി അന്വേഷിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നുമില്ലെന്നായിരുന്നു യാസ്മിന്റെ മറുപടി. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ സാഹചര്യങ്ങൾ യാസ്മിൻ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കോടതി, കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ അംഗീകരിക്കുകയായിരുന്നു.

നാലു വയസുകാരൻ മകനെയും കൂട്ടിയാണ് യാസ്മിനെ പൊലീസ് കാസർകോട് ജില്ലാ സെഷൻസ് കോടതി(ഒന്ന്)യിൽ എത്തിയത്. ചന്തേര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 534/ 16 നമ്പർ കേസ് വിളിച്ചപ്പോൾ തന്നെ പബ്ളിക് പ്രോസിക്യൂട്ടർ സി.ഷുക്കൂർ പൊലീസിന്റെ അപേക്ഷയുടെ പ്രാധാന്യം കോടതിയെ ബോധ്യപ്പെടുത്തി. കാസർകോട് നിന്ന് കാണാതായവരുടെ സംഘത്തിലെ പ്രധാനിയായ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ രണ്ടാം ഭാര്യയാണ് യാസ്മിൻ എന്നും റാഷിദ് കാണാതായ ശേഷവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയോടു പറഞ്ഞു. നിരോധിത സംഘടനയുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് എന്നും ഇതിനാൽ കൂടുതൽ അന്വേഷണത്തിന് യാസ്മിനെ പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്നാണ് ജഡ്ജി സി.മനോഹർ കിണി യാസ്മിനോട് വിവരങ്ങൾ അന്വേഷിച്ചത്. കാബൂളിലേക്കുപോകാൻ ശ്രമിച്ച തന്നെ ഡൽഹിയിൽ വച്ചു കേരള പൊലീസ് പിടികൂടി കേരളത്തിലെത്തിക്കുകയായിരുന്നുവെന്ന് യാസ്മിൻ കോടതിക്കു മുൻപാകെ പറഞ്ഞു.

തിരോധാനത്തിനുശേഷവും റാഷിദുമായി സാമ്പത്തിക ഇടപാടുകൾ

കാണാതായതിനു ശേഷവും അബ്ദുൽ റാഷിദ് അബ്ദുല്ലയുമായി യാസ്മിൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതിനു തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. അബ്ദുൽ റാഷിദിന്റെ ഭാര്യ ആയിഷയുടെ എടിഎം കാർഡ് യാസ്മിന്റെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. യാസ്മിനെ കാബൂളിലേക്ക് എത്തിക്കുന്നതിനു യാത്രാചെലവുകൾക്കായി തുക ഇൗ അക്കൗണ്ടിലേക്ക് അബ്ദുൽ റാഷിദ് നൽകിയിരുന്നു. ഒാൺലൈൻ ബാങ്കിങ് വഴിയാണ് തുക അക്കൗണ്ടിലേക്കു മാറ്റിയത്. ഇൗ പണം യാസ്മിൻ എടിഎം ഉപയോഗിച്ച് എടുത്തതിനും പൊലീസിന് തെളിവു ലഭിച്ചു.

കസ്റ്റഡിയിലെടുക്കുമ്പോൾ യാസ്മിന്റെ പക്കൽ അമ്പതിനായിരത്തോളം രൂപയുണ്ടായിരുന്നുവെന്നും പൊലീസ് കോടതിയിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY