ന്യൂഡല്‍ഹി : നേര്‍ക്കുനേര്‍ പോരാട്ടാത്തിന് നക്സലുകളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കുഴിബോംബ് ഉപയോഗിച്ച് നക്സലുകള്‍ ജവാന്മാരെ പതിയിരുന്ന് ആക്രമിക്കുകയാണ്. നേര്‍ക്കുനേര്‍ ആക്രമിക്കാന്‍ ഇവര്‍ ശ്രമിക്കട്ടെയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. നക്സല്‍ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്ക്ക് ജീവന് നഷ്ടപ്പെട്ടത് ദുഖകരമായ സംഭവാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാര് വീരമൃത്യുവരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ചോളനാറില്നിന്നും കിര്ന്ധുവിലേക്കു ജവാന്മാര്പോകുന്നതിനിടെ റോഡരുകില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.