നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്നും പുറത്താകുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് എ.കെ.ആന്റണി

212

തിരുവനന്തപുരം : ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നരേന്ദ്രമോഡിയെ മതേതരകക്ഷികളെ ഉള്‍പ്പെടുത്തി അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന്റെ തുടക്കം മാത്രമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

അശാന്തമായിരുന്ന ആസാം, പഞ്ചാബ്, മിസ്സോറാം എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബലി നല്‍കി സമാധാനം സംരക്ഷിച്ച മഹാനായ നേതാവായിരുന്നു രാജീവ് ഗാന്ധി. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ഉണ്ടാക്കാന്‍ രാജ്യത്ത് അശാന്തി പടര്‍ത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്നതെന്നും ആന്റണി പറഞ്ഞു. കര്ണാടകത്തില്‍ വോട്ടിംഗ് ശതമാനത്തിലും എം.എല്‍.എമാരുടെ എണ്ണത്തിലും കോണ്‍ഗ്രസ്-ജെ.ഡി.എസ്. സംഖ്യത്തേക്കാള്‍ ഏറെ പിന്നാലാണ് ബി.ജെ.പി. എന്നിട്ടും മോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കന്‍ പീയുഷ് ഗോയല്‍ ഉള്‍പ്പടെ ആറുകേന്ദ്രമന്ത്രിമാരാണ് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്തു ചാക്കിട്ടുപിടിത്തത്തിനും കുതിരക്കച്ചവടത്തിനും നേതൃത്വം നല്‍കിയതെന്നും എ.കെ.ആന്റണി ചൂണ്ടിക്കാട്ടി.

സിക്ക് സമുദായത്തില്‍പ്പെട്ട സുരക്ഷാ ഭടന്മാരെ മാറ്റണമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെട്ടപ്പോള്‍ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ അതിനു വിസമ്മതിച്ച് വെടിയേറ്റു മരിച്ച അതേ അമ്മയുടെ രക്തം സിരകളിലോടുന്ന നേതാവായിരുന്നു രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ ഏഴയലത്ത് നില്‍ക്കാന്‍ മോഡിക്ക് യോഗ്യതയില്ല. മൂല്യങ്ങള്‍ക്ക് ഒരു വിലയും നല്‍കാന്‍ മോഡി തയാറല്ല. രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത വിയോഗം രാജ്യത്തിന് നഷ്ടമാണ്. രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നോ രണ്ടോ സ്ഥാനത്ത് എത്തുമായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും വിവര സാങ്കേതിക രംഗത്തും അത്ഭുതം സൃഷ്ടിച്ച ഭരണകര്‍ത്താവായിരുന്നു രാജീവ് ഗാന്ധിയെന്ന് ആന്റണി കൂട്ടിച്ചേർത്തു.

NO COMMENTS