ജൊഹന്നാസ്ബര്‍ഗ് : അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡി വില്ല്യേഴ്സ്. ക്രിക്കറ്റ് കളിച്ചു തുടങ്ങിയ പ്രിട്ടോറിയയിലെ ടക്സ് ക്രിക്കറ്റ് ക്ലബ്ബില്‍ വച്ചാണ് വിരമിക്കുന്നതായുള്ള തീരുമാനം അദ്ദേഹം ആരാധകരെ അറിയിച്ചത്. ’14 സീസണ് മുന്‍പ് ഈ ഗ്രൗണ്ടില്‍നിന്നാണ് ഞാന്‍ കളിച്ചു തുടങ്ങിയത്. ഇതേവേദിയില്നിന്നുകൊണ്ടുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു,’ വില്ല്യേഴ്സ് പറഞ്ഞു. വില്ല്യേഴ്സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.
ഐപിഎല്ലില്‍ തന്റെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി ദിവസങ്ങള്‍ക്കുള്ളിലാണ് ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍. ‘ തനിക്ക് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി മറ്റു താരങ്ങള്‍ക്കായി വഴിമാറുകയാണ് താന്‍ ചെയ്യേണ്ടതെന്ന് തനിക്ക് തോന്നുവെന്നും അതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും എബി ഡിവില്ലിയേഴ്‌സ് അറിയിച്ചു.