സലാല : മേകുനു ചുഴലിക്കാറ്റിലും മഴയിലുംപെട്ട് യെമനില്‍ ഏഴു പേരും ഒമാനില്‍ മൂന്നു പേരും മരിച്ചു. യെമനില്‍ മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരും സുഡാനികളുമടക്കം 19 പേരെ യെമനില്‍ കാണാതായിട്ടുണ്ട്. 14 ഇന്ത്യന്‍ നാവികര്‍ കാറ്റിനെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിയിട്ടുണ്ട്. കൂടുതല്‍ നാശം നഷ്ടം റിപ്പോര്‍ട്ടു ചെയ്ത സ്കോട്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. ബോട്ടുകള്‍ തകര്‍ന്നു, ഒട്ടേറെപ്പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. ദ്വീപ് തികച്ചും ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മേകുനു ചുഴലിക്കൊടുങ്കാറ്റ് സലാലയില്‍ ആഞ്ഞു വീശീയത്. മണിക്കൂറില്‍ ഇരുനൂറു കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം, ആളുകള്‍ വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.