കൊല്ലം കല്ലടത്തണ്ണിയിലെ മിച്ചഭൂമി സമരം അവസാനിച്ചു

190

കൊല്ലം കല്ലടത്തണ്ണിയില്‍ സര്‍ക്കാര്‍ മിച്ചഭൂമി കൈയ്യേറി ഭൂരഹിതര്‍ നടത്തി വന്ന സമരം അവസാനിച്ചു. മിച്ചഭൂമി, അര്‍ഹരായ ഭൂരഹിതര്‍ക്ക് നല്‍കാമെന്ന കളക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു സമരം.
കൊല്ലം പോരേടം കല്ലടത്തണ്ണിയിലെ സര്‍ക്കാര്‍ മിച്ചഭൂമി ഇന്ന് പുലര്‍ച്ചെയാണ് ഭൂരഹിതര്‍ കൈയ്യേറിയത്. തിരുവന്തപുരം കൊല്ലം ജില്ലകളിലെ 300 ഓളം ഭൂരഹിതര്‍ മിച്ചഭൂമിയില്‍ പുലര്‍ച്ചെ തന്നെ കുടില്‍ക്കെട്ടി. പൊലീസെത്തി ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭൂരഹിതര്‍ വഴങ്ങിയില്ല. പൊലീസ് ബലപ്രയോഗം നടത്തിയതോടെ ഭൂരഹിതര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ പൊലീസ് പിന്‍വാങ്ങി. തിരുവന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഭൂരഹിതരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
കല്ലടത്തണ്ണിയിലെ മിച്ചഭൂമി, ചെങ്ങറ ഭൂരഹിതര്‍ക്ക് കൈമാറാനുള്ളതാണെന്നും ഇതിന് ശേഷം ബാക്കിയുള്ളവ സമരക്കാരില്‍ അര്‍ഹരായവര്‍ക്ക് നല്‍കുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭൂമി അളന്ന് തിരിക്കാനുള്ള നടപടി റവന്യു വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷം പരമാവധി വേഗത്തില്‍ ഭൂമി ഭൂരഹിതര്‍ക്ക് കൈമാറും.

NO COMMENTS

LEAVE A REPLY