കാൽപ്പന്താവേശത്തിനൊപ്പം കൊമ്പുകോർത്തു മന്ത്രിമാരും

344

ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ഇന്ന് റഷ്യയിൽ അരങ്ങുണരുമ്പോൾ ഇഷ്ട ടീമുകൾക്കു വേണ്ടി വാക്പോരുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രിമാർ. എംഎം മണിയും, കടകംപള്ളി സുരേന്ദ്രനുമാണ് ആദ്യം ഇഷ്ട ടീമുകളെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടത്. പിന്നാലെ മന്ത്രി തോമസ് ഐസക്കും കായിക മന്ത്രി കൂടിയായ എ. സി. മൊയ്‌ദീനും ആവേശത്തിൽ പങ്കാളികളായി. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ ലോകകപ്പ് ആവേശത്തിന് പിന്തുണച്ച് കൊച്ചുമകൻ ഇഷാനോടൊപ്പം പന്തു തട്ടുന്ന ഫോട്ടോയും സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തു.

“ചങ്കിടിപ്പാണ് അർജന്റീന അന്നും ഇന്നും എന്നും” അർജന്റീനയുടെ ആരാധകനായ മണിയാശാൻ തന്റെ പോസ്റ്റിൽ കുറിച്ചു.കൂടാതെ അർജന്റീനയുടെ ജേഴ്‌സിയിൽ പന്തു തട്ടുന്ന ഫോട്ടോയും ഷെയർ ചെയ്തു. ഇതിനു പിന്നാലെ ബ്രസീൽ ആരാധകനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ “ചങ്കിടിപ്പല്ല ചങ്കുറപ്പാണ്…
കാനറിപ്പടയാണ് ആശാനേ
കാല്‍പ്പന്തിന്റെ ആവേശം” മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം” എന്ന മറുപടി പോസ്റ്റുമായി രംഗത്തെത്തി. “ചെഗുവേരയുടെ അർജന്റീന… മെസിയുടെയും…
ടീമല്ല, നിലപാടാണ് അർജന്റീന” എന്നും, തോറ്റാലും ജയിച്ചാലും അർജന്റീനക്കൊപ്പമെന്നും തോമസ് ഐസക് കുറിച്ചു.തുടർന്ന് ജർമ്മൻ ആരാധകനായ മന്ത്രി എസി മൊയ്‌ദീൻ കരുത്തരായ ജർമ്മനി കപ്പ് നേടുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു. ഫുട്ബോൾ പ്രേമികൾക്കൊപ്പംതാനും എന്ന് കുറിച്ച് പന്തു തട്ടുന്ന ചിത്രം ഷൈലജ ടീച്ചറും പങ്കുവെച്ചു. ഓരോ പോസ്റ്റുകൾക്കും രസകരമായ കമന്റുകളുമായി ഫുട്ബോൾ പ്രേമികളും ആവേശത്തിലാണ്.


നയന ജോർജ്ജ്

NO COMMENTS