ന്യൂഡല്‍ഹി : റംസാന് മാസം അവസാനിച്ചതിന് പിറകെ കശ്മീരിലെ വെടിനിര്‍ത്തല്‍ പിന്‍വലിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. മെയ് 17 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന വെടിനിര്‍ത്തലാണു പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. കശ്മീരിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ യോഗ തീരുമാനം രാജ്നാഥ് സിംഗ് പുറത്തുവിട്ടത്.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സമാധാനം നിറഞ്ഞ അന്തരീക്ഷത്തില്‍ റംസാന് ആചരിക്കുന്നതിനു വേണ്ടിയാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഭീകരര്‍ സാധാരണക്കാരുടെയും സുരക്ഷാസേനയുടെയും നേരെ തങ്ങളുടെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ പലരും കൊല്ലപ്പെട്ടു, ചിലര്‍ക്കു പരുക്കേറ്റു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഭീകരരെ തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിക്കാന്‍ സുരക്ഷാസേനയ്ക്ക് അധികാരം നല്‍കുകയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.