ഡെറാഡൂണ്‍: ലോകത്തെ ഏകീകരിക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തുമെന്ന് മാത്രമല്ല യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി പറഞ്ഞു. ആയുരാരോഗ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ലോകത്തെ തന്നെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗയിലൂടെ ആരോഗ്യപൂര്‍ണമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനം ഡെറാഡൂണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മോദി ഇത്തവണ യോഗാ ദിനാചരണം നടത്തിയത് ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിലായിരുന്നു. മോദിക്കൊപ്പം 50,000 പേര്‍ യോഗ ചെയ്തു. 2015 ജൂണ്‍ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്. അന്ന് ഡല്‍ഹിയിലെ രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്.