നുണപരിശോധനയ്ക്ക് കൊണ്ടുപോയ യുവതി മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങി

235

ഇടപ്പള്ളി സ്വദേശി സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യസാക്ഷിയുടെ മരണത്തില്‍ സിബിഐ ആഭ്യന്തര അന്വേഷണം തുടങ്ങി. ദുബൈയില്‍ വെച്ച് കാണാതായ സ്മിതയുടെ, ഭര്‍തൃ സുഹൃത്തായ ദേവായാനിയാണ് മരിച്ചത്. അഹമ്മദാബാദിലേക്ക് നുണപരിശോധനക്ക് കൊണ്ടുപോകും വഴി ദേവയാനിയുടെ ഉളളില്‍ വിഷം ചെന്നുവെന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ട്.
കഴി‌ഞ്ഞ ജൂണ്‍ 16നായിരുന്നു ദേവയാനിയെ സിബിഐ സംഘം അഹമ്മദാബാദിലേക്ക് നുണപരിശോധനക്ക് കൊണ്ടുപോയത്. എന്നാല്‍ ട്രെയിനില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ജൂലൈ ഒന്‍പതിന് മരിച്ചു. ഹൃദയാഘാതമായിരുന്നുന്നു മരണകാരണമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ചെന്നാണ് മരണംസംഭവിച്ചതെന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടിലുളളത്. ഈ സാഹചര്യത്തിലാണ് സിബിഐ ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ദുബൈയില്‍വെച്ച് ഇടപ്പള്ളി സ്വദേശിനി സ്മിതയെ കാണാതായ സംഭവത്തില്‍ ഭര്‍ത്താവ് ആന്‍റണിയെ ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. സ്മിതയെ അവിടെവെച്ച് അവസാനമായി കണ്ടയാളാണ് ദേവയാനി. സംഭവത്തിനു പിന്നാലെ വ്യാജ പാസ്‌പോര്‍ട്ടില്‍ കുവൈറ്റിലേക്ക് കടന്ന ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയതോടെയാണ് നുണ പരിശോധനക്ക് സിബിഐ തയാറായത്. കാണാതായ സ്മിത വിദേശത്ത് വെച്ച് കൊല്ലപ്പെട്ടെന്നാണ് അന്വേഷണം സംഘം കരുതുന്നത്. ഇത് തെളിയിക്കുന്നതിനുള്ള നിര്‍ണായക സാക്ഷിയാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY