അയര്‍ലന്റിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്

221

ഡബ്ലിന്‍ : അയര്‍ലന്റിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. 214 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഐറിഷ് പട വെറും 70 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ യുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവുമാണ് ആതിഥേയര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയത്. ടോസ് കിട്ടിയിട്ടും ഐറിഷ് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചു. കിട്ടിയ അവസരം പാഴാക്കാതെ രാഹുല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഓപ്പണറുടെ റോളിലെത്തിയ വിരാട് കോഹ്ലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പീറ്റര്‍ ചേസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒന്‍പത് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

സുരേഷ് റെയ്ന കൂട്ടിനെത്തിയതോടെ ടോപ് ഗിയറിലായി രാഹുല്‍. ഓരോ ഓവറിലും ബൗളിംഗ് മാറ്റം വരുത്തി ഐറിഷ് ക്യാപ്റ്റന്‍ പരീക്ഷിച്ചെങ്കിലും രാഹുലിനെ തളയ്ക്കാന്‍ അതൊന്നും പോരായിരുന്നു. 28 പന്തിലാണ് രാഹുലിന്റെ അര്‍ധശതകം.

എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 70ല്‍ നില്‍ക്കേ കെവിന്‍ ഒബ്രിയാനിന്റെ പന്തില്‍ രാഹുല്‍ വീണു. ഒരു പന്തിന്റെ ഇടവേളയില്‍ രോഹിത് ശര്‍മയും (പൂജ്യം) മടങ്ങി. എന്നാല്‍ 34 പന്തില്‍ അര്‍ധശതകം പിന്നിട്ട റെയ്ന ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. 45 പന്തില്‍ 69 റണ്‍സെടുത്ത റെയ്നയെ വീഴ്ത്തിയതും ഒബ്രിയാന്‍ ആണ്.

ഇന്നിംഗ്സിലെ രണ്ടാംപന്തില്‍ തന്നെ പോള്‍ സ്റ്റിര്‍ലിംഗ് പൂജ്യത്തിന് പുറത്തായി. തൊട്ടുപിന്നാലെ ജെയിംസ് ഷാനോണ്‍ (2), വില്യം പോര്‍ട്ടല്‍ഫീല്‍ഡ് (14) എന്നിവരും പോയതോടെ ഇന്ത്യന്‍ വിജയം ഉറപ്പിച്ചു.

NO COMMENTS