അര്‍ജന്റീനക്കും മെസ്സിക്കും ലോകകപ്പില്‍ നിന്ന് മടക്കം. നാലിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. 2-1ന് പിറകില്‍ നിന്നതിനു ശേഷമാണു 3 ഗോള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് വിജയം സ്വന്തമാക്കിയത്. പി.എസ്.ജി യുവതാരം എമ്ബാപ്പെ രണ്ടു ഗോളുകളുമായി കളം നിറഞ്ഞു കളിച്ചു. ഫ്രാന്‍സിന്റെ മുന്നേറ്റം കണ്ടു കൊണ്ടാണ് മത്സരം തുടങ്ങിയത്. ഗ്രീസ്മാന്റെ ഫ്രീ കിക്ക് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. തുടര്‍ന്നാണ് മാര്‍ക്കോസ് റോഹോ എമ്ബാപ്പെയെ പെനാല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്തതിനു അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗ്രീസ്മാന്‍ ഫ്രാന്‍സിന് ലീഡ് നേടി കൊടുത്തത്. എന്നാല്‍ ആദ്യ പകുതി കഴിയുന്നതിന് മുന്‍പ് ഡി മരിയയിലൂടെ അര്‍ജന്റീന സമനില പിടിച്ചു. 30വാര അകലെ നിന്നും ഡി മരിയ തൊടുത്ത ഷോട്ട് ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ലോറിസിനെ മറികടന്ന് വല കുലുക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന മത്സരത്തില്‍ ലീഡ് നേടി. പെനാല്‍റ്റി ബോക്സിലേക്ക് വന്ന മെസ്സിയുടെ ഷോട്ടിന് കാല് വെച്ച് കൊണ്ട് മെര്‍കാടോയാണ് അര്‍ജന്റീനയുടെ ലീഡ് നേടി കൊടുത്തത്. എന്നാല്‍ ഒരു ഗോളിന് പിറകിലായതോടെ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാന്‍സ് തുടരെ തുടരെ 3 ഗോളടിച്ച് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. ആദ്യം പവാര്‍ദിന്റെ വണ്ടര്‍ ഗോളിലൂടെ സമനില പിടിച്ച ഫ്രാന്‍സ് അധികം താമസിയാതെ എമ്ബാപ്പെയിലൂടെ ലീഡും നേടുകയായിരുന്നു.
മത്സരത്തില്‍ പിറകിലായതോടെ രണ്ടും കല്‍പ്പിച്ച് ആക്രമണത്തിന് ഇറങ്ങിയ അര്‍ജന്റീനയെ കൗണ്ടര്‍ അറ്റാക്കില്‍ വീഴ്ത്തി എമ്ബാപ്പെ ഫ്രാന്‍സിന്റെ നാലാമത്തെ ഗോളും നേടി.