ദില്ലി: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സ്വകാര്യബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ്പ് വരെയുള്ള പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുഗതാഗതത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അതത് സര്‍ക്കാരുകളാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ക്ലാസ് പെര്‍മിറ്റുകള്‍ സ്വകാര്യബസുകള്‍ക്ക് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതാണ് ശരിയെന്നും സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
2013ലാണ് സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വരെയുള്ള പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. സ്വകാര്യബസുകള്‍ സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ആക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ നല്‍കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന കാരണത്താലാണ് ഇത്തരമൊരു വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍ സ്വകാര്യ ബസുടമുകള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സ്വകാര്യ ബസുടമുകളുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയാണുണ്ടായത്. ഇതിനെതിരെയാണ് ബസുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.