ഇന്ന് ലീഡര്‍ കെ കരുണാകരന്റെ നൂറാം ജന്മദിനം. കേരളം കണ്ട അനിഷേധ്യനായ നേതാവിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് അനുയായികള്‍. കേരള രാഷ്ട്രീയം കണ്ട സമാനതകളില്ലാത്ത നേതാവായിരുന്നു അനുയായികളുടെ പ്രിയപ്പെട്ട ലീഡര്‍. നേതൃപാടവത്തില്‍ ലീഡറെ വെല്ലാന്‍ ആളുണ്ടായിരുന്നില്ല. 1918 ജൂലൈ 5 നായിരുന്നു കെ കരുണാകരന്‍ ജനിച്ചത്.
നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന ഒരേയൊരു നേതാവായി മാറി കണ്ണൂരിലെ ചിറക്കലില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വന്ന ലീഡര്‍. കമ്യൂണിസ്റ്റുകാരുടെ ഏറ്റവും കടുത്ത പ്രതിയോഗിയായി ചരിത്രത്തില്‍ ഇടംപിടിച്ചു. സ്വന്തം പാര്‍ട്ടിയുടെ ത്രിവര്‍ണ പതാകയിലെ നിറങ്ങളാണു നെഞ്ചോടു ചേര്‍ത്തതെങ്കിലും ഒരു ഘട്ടത്തില്‍ കൂസലില്ലാതെ അത് ഉപേക്ഷിച്ചു. പിന്നീട് തന്റെ കൂടാരത്തിലേക്ക് തന്നെ തിരിച്ചെത്തി ആ പതാക തന്നെ പുതച്ച് വിടവാങ്ങി.
ലീഡറുടെ ജന്മദിനം ആഘോഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കെ. കരുണാകരന്റെ നൂറാം ജന്മദിനം ഇന്ന് ആഘോഷിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്ബാനൂര്‍ രവി അറിയിച്ചു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ ജന്മദിന സമ്മേളനം പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജന്, വി.എം. സുധീരന്, കെ. മുരളീധരന്, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ്, കെ.എസ്. ശബരീനാഥന്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.