പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍

222

കൊച്ചി : പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഹൈക്കോടതിയില്‍. കേസില്‍ താന്‍ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നതെന്നും കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്‌നിഗ്ധ ഹര്‍ജി നല്‍കിയത്. എഡിജിപിയുടെ മകളുടെ ഹര്‍ജി ഹൈക്കോടിതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്കുശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്.
ജൂണ്‍ 14നാണ് എഡിജിപിയുടെ മകള്‍ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പോലീസില്‍ പരാതി നല്‍കിയത്. കനകക്കുന്നില്‍ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കൊണ്ടു പോയിരുന്നുവെന്നും അവിടെവച്ച്‌ മകള്‍ മര്‍ദിച്ചുവെന്നുമാണ് ഗവാസ്‌കറുടെ പരാതി.

ഔദ്യോഗികവാഹനം ഓടിക്കുന്നതില്‍ നിന്ന് ഗവാസ്‌കറോട് ജൂണ്‍ 13ന് പിന്മാറണമെന്ന് സുധേഷ് കുമാര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ 14ാം തിയതി വീണ്ടും ഗവാസ്‌കര്‍ വാഹനവുമായി എത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. സംഭവ ദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയതിനു ശേഷം ഓഫീസിലേക്ക് പൊയ്‌ക്കോളാന്‍ ഗവാസ്‌കറിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ വ്യായാമം കഴിഞ്ഞ് എത്തിയപ്പോഴും ഗവാസ്‌കര്‍ അവിടെയുണ്ടായിരുന്നെന്നും എന്തുകൊണ്ടാണ് മടങ്ങിപ്പോവാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ഗവാസ്‌കര്‍ ക്ഷോഭിച്ച്‌ സംസാരിച്ചെന്നും എഡിജിപിയുടെ മകള്‍ ഹര്‍ജിയില്‍ പറയുന്നു. സംഭവത്തില്‍ എഡിജിപിയുടെ മകളും ഗവാസ്‌കറിനെതിരെ പരാതി നല്‍കിയിരുന്നു. ഇരുവരുടെയും പരാതിയില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നുണ്ട്.

NO COMMENTS