സെന്റ് ലൂസിയ• മഴയും വെസ്റ്റ് ഇന്‍ഡീസിന്റെ പോരാട്ടവീര്യവും ഒത്തുചേര്‍ന്നപ്പോള്‍ രണ്ടാം ടെസ്റ്റില്‍ നഷ്ടമായ വിജയം തിരിച്ചു പിടിക്കാനുറച്ച് ഇന്ത്യ ഇന്നു മൂന്നാം ടെസ്റ്റിനിറങ്ങുന്നു. കരുത്തോടെ തിരിച്ചുവരവിനു മിടുക്കു കാണിച്ച വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ മെരുക്കാനുള്ള ബോളിങ് തന്ത്രങ്ങളിലാവും ഇന്ത്യ ശ്രദ്ധയൂന്നുന്നത്.
ജമൈക്കയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ റോസ്റ്റണ്‍ ചേസ് 269 പന്തുകളില്‍ നേടിയ 137 റണ്‍സ് ആണ് വിന്‍ഡീസിനു സമനില നേടിക്കൊടുത്തത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്ബരയില്‍ 1-0ന് മുന്നിലാണ്. 2003ല്‍ തുടക്കമിട്ട ഈ വേദിയില്‍ നാലു ടെസ്റ്റേ നടന്നിട്ടുള്ളൂ. 2006 പരമ്ബരയില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യ ഇവിടെ കളിച്ചിട്ടുണ്ട്. അതു സമനിലയില്‍ കലാശിച്ചു. ഇവിടെ നടന്ന നാലു ടെസ്റ്റുകളില്‍ മൂന്നും സമനിലയിലാണു തീര്‍ന്നത്. 2014 ല്‍ ബംഗ്ലദേശിനെ വിന്‍ഡീസ് 296 റണ്‍സിനു തോല്പിച്ചതാണ് ഫലം കണ്ട ഏകടെസ്റ്റ്.
ബാറ്റിങ് പറുദീസയാകും ഇത്തവണയും ഈ പിച്ച്. വെള്ളം നനയ്ക്കുന്നുണ്ടെങ്കിലും വെയിലിന്റെ കാഠിന്യത്തില്‍ ആദ്യ ഒരു മണിക്കൂറിനുള്ളില്‍ മണ്ണ് ഉണങ്ങും. ഇന്ത്യ അഞ്ചു ബോളര്‍മാരെ തന്നെ പരീക്ഷിച്ചേക്കും. ജമൈക്കയില്‍ അവസാന ദിവസത്തെ പിച്ചില്‍ വിക്കറ്റുവേട്ടയ്ക്കു കഴിയാതിരുന്നത് ഇന്ത്യയെ അലട്ടുമെന്നുറപ്പ്.