തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയെ നീക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത് സംബന്ധിച്ച ഇടപെടലാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്ന് സൂചന. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഷാഫിക്ക് യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക ഘടകത്തിന്റെ ചുമതല നല്‍കിയിരുന്നു. പണം വാങ്ങി ദുര്‍ബലരായ നേതാക്കള്‍ക്ക് സീറ്റ് നല്‍കിയെന്നാണ് ഷാഫിക്കെതിരായ ആരോപണം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക നേതൃത്വം എ.ഐ.സി.സിക്ക് പരാതി നല്‍കുകയായിരുന്നു.
അതേസമയം നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഷാഫി രാജിവയ്ക്കുകയായിരുന്നെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. രണ്ടാഴ്ച മുമ്പ് ഷാഫിയെ നീക്കിയെങ്കിലും പാര്‍ട്ടി നേതൃത്വം ഇത് രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.