തിരുവനന്തപുരം കേരളം കണ്ട ഏറ്റവും വലിയ എ.ടി.എം തട്ടിപ്പിന് പിന്നിൽ റൊമാനിയയിൽ നിന്നുള്ള മൂന്നംഗ സംഘമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ക്രിസ്‌റ്റിൻ വിക്ടർ, മരിയൻ ഗബ്രിയേൽ, ഫ്ളോറിൻ എന്നിവരാണ് ഹൈടെക് മോഷണം നടത്തിയത്. റൊമാനിയയിൽ നിന്ന് വിനോദ സഞ്ചാരികളെന്ന വ്യാജേനയാണ് മൂവരും തിരുവനന്തപുരത്ത് എത്തിയത്. നഗരത്തിലെ മൂന്ന് ആഢംബര ഹോട്ടലുകളിലായാണ് മൂവരും താമസിച്ചിരുന്നത്. ഹോട്ടലിൽ താമസിച്ചിരുന്ന സമയത്തെ ഇവരുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മൂവരും ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോയിരുന്നത് ഇരുചക്ര വാഹനങ്ങളിലായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും കോവളത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആർക്കും സംശയം തോന്നാതിരിക്കാൻ കൂടിയാണ് മൂന്ന് വ്യത്യസ്ത ഹോട്ടലുകളിൽ ഇവർ താമസിച്ചത്. എന്നാൽ, നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ വച്ച് മൂവരും കൂടിക്കാഴ്ച നടത്തിയതായാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പ് ആസൂത്രണം ചെയ്തത് അപ്പോഴായിരിക്കാമെന്നും പൊലീസ് കരുതുന്നു. ജൂൺ 30നാണ് വെള്ളയന്പലത്തെ എ.ടി.എമ്മിൽ ഇവർ രഹസ്യ ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോൺ ബാറ്ററിയും മറ്റു ഉപകരണങ്ങളും തിരുവനന്തപുരത്ത് നിന്ന് ആയിരിക്കാം വാങ്ങിയതെന്നും പൊലീസ് കരുതുന്നു.
അതിനിടെ പ്രതികളെ കണ്ടെത്തുന്നതിന് സംസ്ഥാന പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. എ.ഡി.ജി.പി സന്ധ്യ സംഭവ സ്ഥലം സന്ദർശിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവെന്നും വ്യക്തമാക്കി.