വിലക്കയറ്റം തടയാന്‍ 1460 ഓണച്ചന്തകള്‍ തുറക്കുമെന്നു മുഖ്യമന്ത്രി

188

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി 1460 ഓണച്ചന്തകള്‍ സംസ്ഥാനത്ത് തുറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ബജറ്റില്‍ 150 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഓണം ഫെയറിനായി 4.2 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സപ്ലൈക്കോയ്ക്ക് 81.42 കോടി രൂപ നല്‍കും. മാവേലി സ്റ്റോര്‍ ഇല്ലാത്ത 38 പഞ്ചായത്തുകലില്‍ മിനി ഓണം ഫെയര്‍ തുറക്കും.
വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളും വിതരണം ചെയ്യും.
എപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന എട്ടു കിലോ അരിക്കു പുറമേ രണ്ടു കിലോ അരി കൂടി നല്‍കും. 6025 മെട്രിക് ടണ്‍ അരി ഇതിനായി അധികമായി ആവശ്യമുണ്ട്. അവശ്യസാധന വില നിയന്ത്രിക്കുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാനുമായി താലൂക്ക്-ജില്ലാ-സംസ്ഥാനതല സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY