കൊല്ലം : നടന് ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) യാണ് കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ ഒരു മാള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു ദുല്‍ഖര്‍ എത്തിയത്. ദുല്‍ഖര്‍ വരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിട്ടങ്ങളിലും തടിച്ചു കൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമാകുകയും ഹരി ഇതിനിടയില്‍പെട്ട് കുഴഞ്ഞു വീഴുകയുമായിരുന്നു. ഹരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ഹൃദയാഘാതം വന്നിട്ടുള്ളയാളാണ് ഹരിയെന്ന് പോലീസ് പറഞ്ഞു.