എടിഎം കൊലപാതകം: കൂട്ടുപ്രതിയെ കൊന്നതു പിടിക്കപ്പെടുമെന്നു ഭയന്ന്

191

കൊച്ചി: കൊച്ചിയിലെ എടിഎം കൊലപാതകക്കേസിലെ പ്രതികള്‍ മുന്‍പ് ഏഴു തവണ സമാന മോഷണത്തിനു ശ്രമിച്ചതായി മൊഴി. മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിടിക്കപ്പെടുമെന്നു ഭയന്നാണ് കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതെന്നാണു അറസ്റ്റിലായ മുര്‍സ്ലീം അന്‍സാരി മൊഴി നല്‍കിയത്. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
എറണാകുളം വാഴക്കാലയിലെ എടിഎം കവര്‍ച്ചക്കായി രണ്ടു യുവാക്കള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞ് പിടികൂടിയതോടെയാണു കൊലപാതകം പുറത്തുവന്നത്. കൊച്ചി നഗരത്തില്‍ മാത്രം മുന്‍പ് ഏഴുതവണ സമാനമായ കൃത്യത്തിനു ശ്രമിച്ചെന്നാണ് അറസ്റ്റിലായ മുര്‍സ്ലീം അന്‍സാരി പൊലീസിനോട് പറഞ്ഞത്.
ഇടപ്പളളി, പാലാരിവട്ടം, നോര്‍ത്ത്, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ എടിമ്മുകളിലായിരുന്നു കവര്‍ച്ചാ ശ്രമം. പക്ഷേ എല്ലാം പരാജയപ്പെട്ടു. എന്നാല്‍ കഴിഞ്ഞദിവസം വാഴക്കാലയിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിടിക്കപ്പെടുമെന്ന ഭയമായി. കൂട്ടുപ്രതിയായ മുഹമ്മദ് ഇമ്രാനുമായി ഇതേച്ചൊല്ലി വാക്കുതര്‍ക്കമായി. ഒടുവില്‍ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ചാക്കില്‍ക്കെട്ടി ലോഡ്ജ് മുറിയില്‍ സൂക്ഷിച്ചെന്നുമാണ് മൊഴി.
കൊച്ചിയില്‍നിന്നു രക്ഷപെടാനായിരുന്നു ആലോചനയെന്നും മൃതദേഹം കായലിലൊഴുക്കാന്‍ പദ്ധതിയിട്ടെന്നും പ്രതിയുടെ മൊഴിയിലുണ്ട്.

NO COMMENTS

LEAVE A REPLY