കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന വാര്‍ത്ത വ്യാജമാണെന്ന് വൈദ്യുതി മന്ത്രി

211

തിരുവനന്തപുരം : കേരളത്തില്‍ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രളയം നാശം വിതയ്ക്കുന്നതിനിടെ സംസ്ഥാനത്താകെ 4,000ത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫാക്കിയത്. 1,400 ട്രാന്‍സ്‌ഫോര്‍മറുകളാണ് ജില്ലയില്‍ ഓഫാക്കിയതെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇതില്‍ നൂറോളം എണ്ണം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണെന്നും അദ്ദേഹം കുറിച്ചു. എറണാകുളത്ത് കലൂര്‍ 110 കെവി, കുറുമാശ്ശേരി, കൂവപ്പടി 33 കെവി, തൃശുരില്‍ പരിയാരം, അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണപുരം, വയനാട്ടില്‍ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും മലപ്പുറത്തെ ആഢ്യന്‍പാറ, ഇടുക്കിയില്‍ മാട്ടുപ്പെട്ടി, പത്തനംതിട്ടയില്‍ റാന്നി, പെരുനാട് എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറിതിനേത്തുടര്‍ന്ന് ഉല്പാദനം നിര്‍ത്തിയ അവസ്ഥയിലാണെന്നും മന്ത്രി അറിയിച്ചു. എല്ലാം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും എം.എം.മണി കൂട്ടിച്ചേര്‍ത്തു.

NO COMMENTS