മക്ക ക്രെയിനപകട കേസ്: പ്രതികളുടെ വിചാരണ തുടങ്ങി

771

മക്ക: മക്കയിലെ ക്രെയിന്‍ അപകട കേസിലെ പ്രതികളുടെ വിചാരണ ആരംഭിച്ചു. പതിനാല് പ്രതികള്‍ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. 290 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയായത്.
കഴിഞ്ഞ ഹജ്ജ് വേളയിലുണ്ടായ ക്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഏതാനും ദിവസം മുമ്പാണ് സമര്‍പ്പിച്ചത്. ഉന്നതര്‍ അടങ്ങിയ പ്രതിപ്പട്ടികയും ഇതോടൊപ്പം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. ഒരു സൗദി കോടീശ്വരന്‍ ഉള്‍പ്പെടെ പതിനാല് പ്രതികളുടെ വിചാരണ കഴിഞ്ഞ ദിവസം ആരംഭിച്ചു. ആറു സൌദികളും, രണ്ടു പാകിസ്ഥാനികളും, ജോര്‍ദാന്‍,ഫിലിപ്പൈന്‍സ്, കാനഡ, പലസ്തീന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും ഉത്തരവാദപ്പെട്ട പലര്‍ക്കും സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് അറിയില്ല എന്നും അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തുമായി സാങ്കേതിക വിദഗ്ദരുടെ കൂടി സഹകരണത്തോടെ നടത്തിയ അന്വേഷണം 290 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. അപകടത്തില്‍ പെട്ട ക്രെയിനിന്റെ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ ജര്‍മനിയിലുള്ള നിര്‍മാണ കമ്പനിയുടെ സഹായത്തോടെ സംഘം ശേഖരിച്ചു. ഇതുപ്രകാരം അപകടസമയത്ത് ക്രെയിന്‍ നിന്നിരുന്നത് എണ്‍പത്തിയേഴ് ഡിഗ്രീ ചരിഞ്ഞിട്ടായിരുന്നു. ഇരുനൂറ് മീറ്റര്‍ ഉയരമുള്ള ക്രെയിനിനു 1350 ടണ്‍ ഭാരമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പിലെ എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ദരും ഉള്‍പ്പെടെ നൂറ്റിയെഴുപത് പേരെ സംഘം ചോദ്യം ചെയ്തു. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ കഴിഞ്ഞ ഹജ്ജ് വേളയില്‍ ഉണ്ടായ അപകടത്തില്‍ 110 പേര്‍ മരിക്കുകയും 210 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ പതിമൂന്ന് ഇന്ത്യക്കാരും അപകടത്തില്‍ മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY