ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ മാസം 31വരെ 139.99 അടിയായി കുറക്കണമെന്ന് സുപ്രീം കോടതി. സംയുക്ത മേല്‍നോട്ട സമതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും ഇരു സംസ്ഥാനങ്ങളും യോജിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്കിയ സത്യവാങ്മൂലം പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ഇത് കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. മനുഷ്യ ജീവനാണ് വിലകല്‍പ്പിക്കുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസ് അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.