ന്യൂയോര്‍ക്ക് : കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അമേരിയ്ക്കന്‍ മലയാളികളുടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണെമന്ന് മുഖ്യമന്തി അഭ്യര്‍ത്ഥിച്ചു. പ്രളയാന്തരമുള്ള നവകേരളം നിര്‍മ്മിക്കുന്നതിനായി 150 കോടിയുടെ സഹായം അമേരിക്കയില്‍ നിന്ന് സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം റോക്ക്ലന്‍ഡ് കൗണ്ടിയില്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളം വലിയൊരു അതിജീവനത്തിന്റെ പാതയിലാണ്. വലിയൊരു വിപത്തില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങളില്‍ അമേരിക്കന്‍ മലയാളികളും സഹകരിക്കണം. പുനര്‍നിര്‍മാണത്തിന് ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ കണക്കാക്കി പുനര്‍നിര്‍മ്മാണം സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വച്ചത്. അതിനോട് എല്ലാവരും നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ തയ്യാറുള്ള പ്രവാസികളും ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. ഇതിനാല്‍തന്നെ അമേരിക്കന്‍ മലയാളി സമൂഹം കേരളത്തെ അകമഴിഞ്ഞ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.