നേത്രാവതി എക്‌സ്‌പ്രസില്‍ യാത്രക്കാരന്‍ തീകൊളുത്തി

184

ആലപ്പുഴ: തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട നേത്രാവതി എക്‌സ്‌പ്രസില്‍ തീപിടിത്തം. കായംകുളത്തുവച്ചാണു സംഭവം. ട്രെയിനിന്റെ ഒരു കോച്ചിനു തീപിടിച്ചു. യാത്രക്കാരിലൊരാള്‍ ട്രെയിനിനു തീകൊളുത്തുകയായിരുന്നു. തീ പടരാതിരുന്നതിനാല്‍ അപകടമൊഴിവായി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
ട്രെയിനിന്റെ എസി കോച്ചിനോടു ചേര്‍ന്നുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണു തീപിടിച്ചത്. കായംകുളം സ്റ്റേഷനില്‍വച്ച് 11.45 ഓടെയായിരുന്നു സംഭവം. തമിഴ‌നാട് സ്വദേശിയായ അനസ് എന്നയാള്‍ ട്രെയിനിന്റെ ടോയ്‌ലെറ്റില്‍ കയറി വസ്ത്രത്തില്‍ ഇന്ധനമൊഴിച്ചു തീകൊളുത്തുകയായിരുന്നു. യാത്രക്കാര്‍ ടോയ്‌ലെറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് തീയണച്ച് ഇയാളെ പുറത്തിറക്കി. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. അപകടമുണ്ടായ കോച്ച് ട്രെയിനില്‍നിന്നു വേര്‍പെടുത്തി.
രാവിലെ 9.50നു തിരുവനന്തപുരത്തുനിന്നു ലോക്‌മാന്യതിലകിലേക്കു പുറപ്പെട്ടതായിരുന്നു ട്രെയിന്‍.
ട്രെയിനില്‍ മോഷണം നടത്താന്‍ ശ്രമിക്കവെ യാത്രക്കാരില്‍ പിടികൂടിയ ഒരാള്‍ ട്രെയിനിന്റെ ടോയ്‌ലെറ്റിലേക്ക് ഓടിക്കയറി തീകൊളുത്തുകയായിരുന്നെന്ന് ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പിടിയിലായ ആളെ പൊലീസ് ചോദ്യംചെയ്യുകയാണ്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടോയെന്നു പൊലീസ് സംശയിക്കുന്നു. തീ കൊളുത്താനുള്ള കാരണമെന്നതാണെന്നു പൊലീസ് ഇയാളോടു ചോദിച്ചറിയുകയാണ്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍വച്ച് ജനറല്‍ കംപാര്‍ട്ട്മെന്റിലെ ടോ‌യ്‌ലെറ്റില്‍ കയറി വസ്ത്രം ഊരി തീകൊളുത്തുകയായിരുന്നെന്നു ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. കാര്യങ്ങള്‍ നിയന്ത്രണവിധേയമായെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY