പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു

324

ഡല്‍ഹി: പട്ടം പറത്തുന്നതിനായി ഉപയോഗിക്കുന്ന ചൈനീസ് മാഞ്ച എന്ന പ്ലാസ്റ്റിക് നൂല്‍ കഴുത്തില്‍ കുരുങ്ങി ഡല്‍ഹിയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. സാഞ്ചി ഗോയല്‍ (4), ഹാരി (3) എന്നി കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. 10 കിലോ മീറ്റര്‍ ചുറ്റളവിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത്.
തിങ്കളാഴിച വൈകുന്നേരം ആറ് മണിയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം സിനിമ കണ്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന സാഞ്ചി ഗോയല്‍ എന്ന നാലു വയസ്സുകാരിയുടെ കഴുത്തില്‍ ചൈനീസ് നൂല്‍ കുടുങ്ങിയത്. കാറിന്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുകയായിരുന്ന സാഞ്ചിയുടെ കഴുത്തില്‍ അപ്രതീക്ഷിതമായി ചൈനീസ് നൂല്‍ കുരുങ്ങുകയായയിരുന്നു. ഉടന്‍തന്നെ മാതാപിതാക്കള്‍ ഏകമകള്‍ സാഞ്ചിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ അമ്മയുടെ മടിയില്‍ കിടന്ന് സാഞ്ചി മരിച്ചു.
ഈ അപകടം കഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷം രാത്രി എട്ടു മണിയോടെയാണ് മാതാപിതാക്കള്‍ക്കും ഏക സഹോദരിക്കുമൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു വയസ്സുകാരന്‍ ഹാരിയുടെ കഴുത്തിലും സമാനമായ രീതിയില്‍ ചൈനീസ് നൂല്‍ മരണക്കുരുക്കിട്ടത്. സാഞ്ചിയെ പോലെ കാറിന്റെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുകയായിരുന്നു ഹാരിയും. ഇതിനിടെ പൊട്ടിപ്പോയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. കഴുത്തിനേറ്റ മുറിവില്‍ നിന്ന് ചോര വാര്‍ന്നതോടെ ഹാരിയുമായി കുടുംബം ആശുപത്രിയിലേക്ക് കുതിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്നേ രക്തം വാര്‍ന്ന് ഹാരിയും മരിച്ചു.
പശ്ചിമഡല്‍ഹിയില്‍ ബൈക്ക് യാത്രികനായ യുവാവ് ചൈനീസ് നൂല്‍ കഴുത്തില്‍ കുരുങ്ങി മരിച്ച സംഭവത്തിനു പിന്നാലെയാണ് രണ്ട് കുട്ടികള്‍ക്ക് കൂടി അപകടം സംഭവിച്ചത്. നൂറ് കണക്കിന് പക്ഷികളുട ജീവനെടുത്ത ചൈനീസ് നൂല്‍ മനുഷ്യനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഇവ നിരോധിച്ചു കൊണ്ട് ചൊവ്വാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY