തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള റദ്ദ് ചെയ്ത് ചര്‍ച്ച വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ തള്ളി. തുടര്‍ന്ന് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളി തുടങ്ങി.
ശബരിമലയില്‍ പോലീസ് രാജ് അവസാനിപ്പിക്കുക, ശബരിമലയെ സംരക്ഷിക്കുക, സിപിഎം- ആര്‍എസ്എസ് ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ച്ചയായി ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും ഇത് നിരുത്തരവാദിത്വമാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല.
ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്നലെ ചര്‍ച്ച ചെയ്തതാണ്. ശബരിമല ഒരു പ്രശ്നമാണ്, യുവതി പ്രവേശനവും ഒരു പ്രശ്നമാണ്. എന്നുവച്ച് എല്ലാ ദിവസവവും അത് ചര്‍ച്ച ചെയ്യണമെന്ന് വാശിപിടിക്കരുതെന്ന് സ്പീക്കര്‍ ഓര്‍മിപ്പിച്ചു. പ്രതിഷേധം ലോകം മുഴുവനും കാണുന്നുണ്ടെന്നും ഗവര്‍ണര്‍ ഇന്നലെ പറഞ്ഞത് കേട്ടില്ലേ എന്നും സ്പീക്കര്‍ ചോദിച്ചു. തങ്ങളാരും കസേര മറിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ മറുപടി. പിന്നീട് ചോദ്യോത്തര വേള സസ്പെന്‍ഡ് ചെയ്തു. സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു