മടി ബുദ്ധിമാന്റെ ലക്ഷണമോ?

331

മടിപിടിച്ച് ഒന്നും ചെയ്യാതിരിക്കുന്നവരെ പരിഹസിക്കാൻ വരട്ടെ. ഈ മടി ബുദ്ധിമാൻമാരുടെ ലക്ഷണമാണത്രേ.
മടിയൻമാരും കൂടുതൽ സമയം എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കുന്നവരും വളരെയധികം ബുദ്ധിശക്തി ഉള്ളവരായിരിക്കുമെന്നു പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണു പഠനം നടത്തിയത്.
എളുപ്പം ബോറടിക്കുന്നതിനാലും ചിന്തയിൽ നിന്നു രക്ഷപ്പെടാനും മനസിനെ ഉണർവോടെ നിലനിർത്താനും മിക്കവരും എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടും. എന്നാൽ ഉയർന്ന ഐക്യു ഉള്ള ആളുകൾക്ക് പെട്ടെന്നൊന്നും ബോറടിക്കില്ല. അവർ എപ്പോഴും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.
പഠനത്തിന്റെ ഭാഗമായി ഒരുകൂട്ടം വിദ്യാർഥികൾക്ക് ഒരു ടെസ്റ്റ് നടത്തി. ഗവേഷകനായ മാക് എൽറോയ് ഈ കൂട്ടത്തിൽ നിന്ന് 30 ചിന്തകരെ കണ്ടെത്തി; കുറേയധികം ചിന്തിക്കാത്തവരെയും.
അടുത്ത ഒരാഴ്ചക്കാലം ഇവരുടെ കൈത്തണ്ടയിൽ ഒരുപകരണം ഘടിപ്പിച്ചു. ഇവരുടെ ചലനങ്ങളും പ്രവർത്തനങ്ങളും പിന്തുടർന്ന് തുടർച്ചയായ വിവരങ്ങൾ ലഭ്യമാക്കി. ഇവർ കായികമായി എത്രമാത്രം ആക്ടീവാണെന്നും പരിശോധിച്ചു.
ചിന്തിക്കാത്തവരുടെ ഗ്രൂപ്പിനെ അപേക്ഷിച്ച് ചിന്തകരുടെ ഗ്രൂപ്പ് വളരെക്കുറച്ചുമാത്രം ആക്ടീവാണെന്നു കണ്ടു. സ്റ്റാറ്റിസ്റ്റിക്കൽ ടോസ് അനുസരിച്ച് വളരെ അർഥപൂർണവും ശക്തവുമാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ പറയുന്നു.
ചിന്തിക്കാത്തവർക്ക് വളരെ വേഗം ബോറടിക്കുന്നുവെന്നും ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഇവർ സമയം ചെലവഴിക്കുന്നുവെന്നും കണ്ടു. എന്തുതന്നെയായാലും കുറച്ചു മാത്രം ആക്ടീവായ ആളുകൾ, അവരുടെ ബുദ്ധിശക്തി എത്രയെങ്കിലുമാകട്ടെ, അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനായി ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നു ഗവേഷകർ നിർദ്ദേശിക്കുന്നു. ജേണൽ ഓഫ് സൈക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY