ചങ്ങനാശേരി : ശബരിമല വിഷയത്തിൽ ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നായര്‍ സര്‍വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പ് സംസ്‌ഥാന തല നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. റിവ്യൂ ഹര്‍ജി പരിഗണിച്ചശേഷം അനുകൂലമല്ലെങ്കില്‍ മേല്‍നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
ശബരിമലയിലെ ആചാര അനുഷ്‌ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം എല്ലാ ക്ഷേത്രങ്ങളിലെയും വിശ്വാസം നിലനിര്‍ത്തുകയും ചെയ്യണമെന്നതാണ് എന്‍.എസ്.എസിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ആചാര അനുഷ്‌ഠാനങ്ങളുടെയും ഈശ്വരവിശ്വാസ സംരക്ഷണത്തിനും നിഷ്‌പക്ഷമായാണ് എന്‍.എസ്.എസ് നിലകൊണ്ടത്. അതിന് ഒരു രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മുദ്രാവാക്യമോ, കൊടിയോ എന്‍.എസ്.എസ് ഏറ്റെടുത്തിട്ടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.