വയസ്സാകുമോ എന്ന് ഇടയ്ക്കിടെ കണ്ണാടിയിൽ പോയി നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ അന്നത്തെ ദിവസത്തെ ചിലപ്പോൾ കളഞ്ഞു കുളിക്കും. നരച്ചു തുടങ്ങുന്ന മുടിയെ ഹെന്ന ചെയ്തോ ഇനിയിപ്പോൾ ഡൈ ഉപയോഗിച്ചോ കളയാം എന്നു വച്ചാലും ഈ ചുളിവുകൾ വീഴുന്നത് എങ്ങനെ മാറ്റാനാണ്? മുഖത്തെ ചുളിവുകൾ മറച്ചു വെക്കൽ തെല്ലു ബുദ്ധിമുട്ടാണെങ്കിലും ഈ ചുളിവുകളോട് കുറച്ചു കഴിഞ്ഞു വരാൻ പറഞ്ഞാലോ? ചിരിക്കേണ്ട… ചില ചെറിയ കാര്യങ്ങൾ മാത്രം ചെയ്താൽ വളരെ കാലത്തേയ്ക്ക് ചുളിവുകളിൽ നിന്നു അകന്നു നിൽക്കാൻ സാധിക്കും.
കഴുത്തിനു താഴെയാണ് ഏറ്റവുമാദ്യം പ്രായമായതിന്റെ ചുളിവുകൾ വീണു തുടങ്ങുക. ഇതിൽ നിന്നാണ് ചർമ്മത്തെ ആദ്യം രക്ഷപെടുത്തിയെടുക്കാൻ ശ്രദ്ധിക്കേണ്ടത്. ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. അതിനായി കതിരിൽ കൊണ്ടു വളം വയ്ക്കുന്നതിനേക്കാൾ നേരത്തെ തന്നെ ശ്രദ്ധിച്ചു തുടങ്ങണം . യൗവ്വനത്തിൽ തന്നെ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചു ചർമ്മത്തിന്റെ പ്രായക്കൂടുതലിനെ തടയാൻ ശ്രമിച്ചു തുടങ്ങണം. ശരീരത്തിലെ ഏറ്റവും സെന്സിറ്റിവ് ആയ ഭാഗമെന്ന നിലയിൽ കഴുത്തു ഭാഗം ഏറ്റവും ശ്രദ്ധ വേണ്ടുന്ന ശരീര ഭാഗമാണ്.
മലിനീകരണം , പുകവലി, മദ്യപാനം തുടങ്ങിയവയാണ് ശരീരം പെട്ടെന്ന് ചുളിയുന്നതിനുള്ള കാരണങ്ങളിൽ ചിലത്. ചെറുപ്പത്തിൽ ഇതത്ര ദൃശ്യമാവില്ലെങ്കിലും പ്രായമേറുന്തോറും മലിനീകരണമുണ്ടാക്കുന്ന രാസവസ്തുക്കൾ ചർമ്മവുമായി അതിവേഗം പ്രവർത്തിച്ചു തുടങ്ങും, ഒപ്പം കോശങ്ങൾ നശിച്ചു തുടങ്ങുകയും ചെയ്യും. അമിതമായ വെയിലേൽക്കലും ചർമ്മത്തെ പെട്ടെന്നു വയസ്സാകാൻ കാരണമാകുന്നു. പുറത്തു പോകുമ്പോൾ ചർമ്മത്തെ അതിന്റെ എല്ലാ വിധമായ ശ്രദ്ധയോടെയും സൂക്ഷിച്ചു കൊണ്ടു പോകാൻ ശ്രദ്ധിക്കേണ്ടതാണ്. സൺസ്ക്രീൻ ലോഷൻ ശരീരത്തിൽ മുഖത്തും കഴുത്തിലും തേയ്ക്കാൻ പ്രത്യേകം ഓർക്കുക. നല്ല പൊടി ഉള്ള വേനൽ കാലത്തു ഒരു സ്കാർഫ് കൊണ്ടു കഴുത്തു വരെ മറച്ചിട്ടു നടക്കുന്നത് ഗുണകരമാണ്.
ചുളിവുകൾ വരാതെയിരിക്കാൻ ശ്രദ്ധിക്കാം ഈ ഒൻപത് കാര്യങ്ങൾ
പരമാവധി സൂര്യപ്രകാശം നേരിട്ടു മുഖത്തോ കഴുത്തു ഭാഗത്തോ പതിയ്ക്കാതെ ഇരിക്കട്ടെ.
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക
എല്ലാ ദിവസവും മറ്റു വ്യായാമം ചെയ്യുന്ന കൂട്ടത്തിൽ കഴുത്തിനുള്ള വ്യായാമവും ചെയ്യാൻ മറക്കരുത്.
എപ്പോഴും തല ഉയർത്തി പിടിക്കുക. താടിയും ഉയർത്തി പിടിക്കണം.
എല്ലാ ദിവസവും കുറഞ്ഞത് 8 ഗ്ളാസ് വെള്ളം കുടിക്കണം. വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കിൽ ചർമ്മത്തിന് ദോഷമുണ്ടാക്കും.
കിടക്കുമ്പോൾ തലയിൽ വലിയ തലയിണ വയ്ക്കാതെയിരിക്കുക. തലയും ശരീരവും ഒരേ രേഖയിലാണ് കിടക്കുമ്പോൾ ഉണ്ടാകേണ്ടത്. തലയിണ വേണമെന്ന് നിർബന്ധം ഉള്ളവർ ചെറിയ തലയിണ ഉപയോഗിക്കുക.
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു കഴുത്തി തേയ്ച്ചു പിടിപ്പിക്കുന്നത് ചുളിവ് വരാതെ സൂക്ഷിക്കും.
ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുളിവകറ്റുന്ന ഏതെങ്കിലും ക്രീം ഉപയോഗിക്കാം .
നല്ലൊരു ചർമ്മവിദഗ്ദ്ധനെ കണ്ട് അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാം.
പ്രായമാകുന്നതിനു മുൻപ് തന്നെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ പെട്ടെന്ന് ചുളിവുകൾ വരുന്നതിനെ തടഞ്ഞു ചെറുപ്പം കുറച്ചു കൂടി നീട്ടിയെടുക്കാം.