ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍ കൊണ്ടുവന്ന നവോത്ഥാനം പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്നും പുതിയൊരു നവോഥാനത്തിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ശിവഗിരി തീര്‍ത്ഥാടനം മതാതീത കാഴ്ചപ്പാടാണെന്നും ഇത് മാനസിക വികാസ കേന്ദ്രമാണെന്നും എ.സമ്പത്ത് എം.പി പറഞ്ഞു. അറിവ് പ്രസാദമായി ലഭിക്കുന്ന തീര്‍ത്ഥാടനമാണ് ശിവഗിരിയില്‍ ഗുരുദേവന്‍ വിഭാവനം ചെയ്തതെന്നും തീര്‍ത്ഥാടന ലക്ഷ്യം 90 കൊല്ലം മുന്‍പാണ് നിര്‍ദ്ദേശിച്ചതെങ്കിലും ഇന്നും അതെല്ലാം അനിവാര്യമാണെന്ന് റോജി. എം. ജോണ്‍ എം.എല്‍.എ പറഞ്ഞു. മനുഷ്യന്‍ ഉള്ളിടത്തെല്ലാം ഗുരുദേവ ദര്‍ശനങ്ങള്‍ ഇന്ന് അലയടിക്കുകയാണെന്നും ലോക ജനതയ്ക്ക് അത് ആവേശവും അത്ഭുതവുമാകുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ മുന്‍ ഡി.ജി.പി ടി.പി.
സെന്‍കുമാര്‍, യു.എ.ഇ സേവനം ചെയര്‍മാന്‍ അമ്ബലത്തറ രാജന്‍, ബഹറിന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി പ്രസിഡന്റ് കെ.ചന്ദ്രബോസ്, കുവൈറ്റ് സാരഥി പ്രസിഡന്റ് കെ.വി. സുഗുണന്‍, എസ്.എന്‍.ഡി.പിയോഗം ഡയറക്ടര്‍ എ.ജി. തങ്കപ്പന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വി.പ്രേംരാജ്, പി.ടി.മന്മഥന്‍, ഡോ. കെ.ജി.സുരേഷ് പരുമല എന്നിവര്‍ സംസാരിച്ചു. തീര്‍ത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് സ്വാഗതവും തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.